തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തതിന് വ്യോമസേന പണം ചോദിച്ചെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണ് ചെലാവായ തുക ധരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതിരോധ സേനയെ രാഷ്‌ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 132. 62 കോടി രൂപ വ്യോമസേനയ്‌ക്ക് ചെലവ് വന്നിരുന്നു. ഇക്കാര്യം സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തെ ധരിപ്പിക്കുകയും ചെയ്തു. ഈ പണം സംസ്ഥാനത്തിൽ നിന്നും ഈടാക്കുന്ന പതിവില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ ഇത് ഉൾപ്പെടുത്തുകയാണ് പതിവ്.
എന്നാൽ വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിനാണ് സംസ്ഥാന സർക്കാരും ഇടത് സൈബർ സഖാക്കളും ശ്രമിച്ചത്. അടിയന്ത ഘട്ടത്തിൽ ചെയ്ത സഹായത്തിന് പണം ചോദിക്കുന്നുവെന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണം. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും വിശദീകരണത്തോടെ പ്രചാരണം അടപടലം പൊളിഞ്ഞു. ബില്ലുകൾ നൽകുന്നത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് പ്രതിരോധ വക്താവ് അറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരടക്കം കേന്ദ്രം കേരളത്തോട് പണം ചോദിച്ചു എന്ന മട്ടിലാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത്. വ്യോമസേനാ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളറാണ് എയർലിഫ്‌റ്റിംഗിന്റെ ചെലവുകൾ കണക്കാക്കിയത്. ചെലവുകൾ കണക്കാക്കുന്ന ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർക്ക് മുകളിൽ പ്രിൻസിപ്പൽ കൺട്രോളറും കൺട്രോളർ ജനറൽ ഒഫ് ഡിഫൻസ് അക്കൗണ്ട്സും പാർലമെന്ററി സമിതിയുമുണ്ട്. ഇവരുടെയെല്ലാം പരിശോധനയ്‌ക്ക് കണക്കുകൾ നൽകണം. പുറമേ ആഭ്യന്തര ഓഡിറ്റുമുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കണക്കുകൾ ധരിപ്പിച്ചത്.