കൊച്ചി: വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോളേജുകളിൽ രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്‌ട്രീയ കളികളാണ് നിരോധിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവൃത്തിക്ക് മതം നിരോധിക്കാറില്ലല്ലോ, അതിനാൽ രാഷ്‌ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്‌ട്രീയം നിരോധിക്കുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിന് ഹാനികരമായ സമ്പ്രദായങ്ങളാണ് അവസാനിപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു.
എൻ. പ്രകാശ് എന്നയാളാണ് ക്യാമ്പസ് രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നൽകിയത്. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ രാഷ്‌ട്രീയത്തിന്റെ മറവിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹർജി. എസ്എഫ്ഐ നേതാക്കളുടെ റാംഗിങ്ങും കൂട്ടവിചാരണയും ഇടിമുറിയുമടക്കം വൻ ചർച്ചയായിരുന്നു. വിഷയത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയ ഡിവിഷൻ ബെഞ്ച് ജനുവരി 23ന് വീണ്ടും ഹർജി പരിഗണിക്കും.