കൊച്ചി: വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തി പൊതുഗതാഗതം സ്തംഭിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന സർക്കുലർ 2011ൽ തന്നെ ഇറക്കിയിരുന്നതാണെന്ന് ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നു. വഞ്ചിയൂർ സംഭവം ‘അറിഞ്ഞയുടൻ ഇടപെട്ടെന്നാണ്’ സംസ്ഥാന പൊലീസ് മേധാവിയുടെ അവകാശവാദം. സെക്രട്ടറിയേറ്റിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച സിപിഐയുടെ സമരത്തിനെതിരെയും കേസെടുത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ നടപടികൾക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നാണ് ഡിജിപിയുടെ വാക്കുകൾ.
നടുറോഡിൽ സ്റ്റേജ് കെട്ടിപ്പൊക്കുകയും രാവിലെ മുതൽ പൊതുജനം പ്രയാസപ്പെട്ട് റോഡിലൂടെ പോകേണ്ടി വരികയും ചെയ്തതിന് പിന്നാലെ വൈകിട്ട് സംഭവം വാർത്തയായതിന് ശേഷമായിരുന്നു പൊലീസ് ഇടപെടൽ നടന്നത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെയും കോടതിയുടേയും മൂക്കിൻ തുമ്പിൽ നടന്ന സംഭവത്തിൽ പൊലീസ് നടപടിയുണ്ടായത് വാർത്തയും വിവാദവും ഉയർന്നതോടെ മാത്രമായിരുന്നു. കൂടാതെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിൽ പ്രഹരമേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൃത്യമായ നടപടികൾ സ്വീകരിച്ചെന്ന് അവകാശപ്പെടുന്ന സത്യവാങ്മൂലം ഡിജിപി സമർപ്പിച്ചിരിക്കുന്നത്.
വഞ്ചിയൂർ സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തുവെന്നും റോഡ് കയ്യേറി സിപിഐ നടത്തിയ സമരത്തിൽ 11 പേർക്കെതിരെ കേസെടുത്തെന്നും ഡിജിപി കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊതുതാത്പര്യ ഹർജി ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതിയിലെത്തുന്നത്.















