ന്യൂഡൽഹി: അധികാരത്തിലിരുന്നപ്പോൾ ജുഡീഷ്യറിക്കും ഭരണഘടനയ്‌ക്കും ഒരുവിലയും നൽകാത്ത കോൺഗ്രസാണ് ഇന്ന് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാചാലരാകുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ആവശ്യമില്ലാത്ത പേപ്പർ കെട്ടുകൾ പോലെയായിരുന്നു കോൺഗ്രസിന് ഭരണഘടന. കുടുംബത്തിന്റെ താത്പര്യങ്ങൾക്കായി ഭേദഗതികൾ നടത്തിയെന്നും വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് ഭരണഘടന ശക്തമായതെന്നും രാജ്യസഭയിൽ പ്രത്യേക ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് നിർമലാ സീതാരാമൻ പറഞ്ഞു.
നെഹ്‌റു-ഇന്ദിര-രാജീവ് എന്നിവരുടെ സർക്കാരുകൾ കൈക്കൊണ്ട ഏകപക്ഷീയമായ നടപടികൾ എണ്ണിപ്പറഞ്ഞാണ് ഭരണഘടനയുടെ 75-ാം വാർഷികത്തിൽ രാജ്യസഭയിലെ പ്രത്യേക ചർച്ച ധനമന്ത്രി തുടങ്ങിയത്. ഒരൊറ്റ കുടുംബത്തിന്റെയും പാർട്ടിയുടെയും താൽപര്യങ്ങൾക്കനുസരിച്ച് പലതവണ ഭരണഘടനയിൽ ഭേദഗതി വരുത്തി. ഭരണഘടനയുടെ ഏറ്റവും വലിയ ചൂഷണമായിരുന്നു അടിയന്തരാവസ്ഥ. സൽമാൻ റുഷ്ദിയുടെ പുസ്‌തകം ഉൾപ്പടെയുള്ള രചനകളും ഡോക്യുമെന്ററികളും അടക്കം നിരവധി സൃഷ്ടികൾ കോൺഗ്രസ് നിരോധിച്ചു. ആവശ്യമില്ലാത്ത പേപ്പർകെട്ട് പോലെ ഭരണഘടനയെ പരിഗണിച്ച ചരിത്രം മറന്നുകൊണ്ടാണ് ഇന്ന് കോൺഗ്രസ് നേതാക്കൾ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസംഗിക്കുന്നതെന്നും അവർ വിമർശിച്ചു.
ഭൂരിപക്ഷം ഉണ്ടായിട്ടും വനിതാ സംവരണബിൽ പാസാക്കാൻ രാജീവ് ഗാന്ധി സർക്കാർ തയ്യാറായില്ല. കോൺഗ്രസിന്റെ ദുർഭരണത്തിൽ സാമ്പത്തിക വ്യവസ്ഥ തകർന്നടിഞ്ഞു. അതിന്റെ ഫലം ഇന്നും രാജ്യം അനുഭവിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികളിൽ അഴിമതി ഇല്ലാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ മോദി സർക്കാരിന് സാധിച്ചു. എല്ലാ മേഖലയിലും രാജ്യം പുതിയ യാത്രയിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകിയിരുന്നു. രാജ്യസഭയിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മറുപടി പ്രസംഗം നടത്തുക.