തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡിൽ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണെന്ന് ഹൈക്കോടതി ഓർമപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞാണ് ജോയിന്റ് കൗൺസിലിന്റെ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
വഞ്ചിയൂരിലെ യോഗത്തിൽ ആരൊക്കെയാണ് പങ്കെടുത്തതെന്ന് ആരാഞ്ഞ കോടതി കോടതിയലക്ഷ്യ കേസിൽ കുറ്റം ചുമത്തുന്നത് എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അറിയിച്ചു. റോഡ് കുഴിച്ചാണ് സ്റ്റേജ് കെട്ടിയതെങ്കിൽ കൂടുതൽ ശക്തമായ വകുപ്പുകൾ ചേർക്കേണ്ടി വരും. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.
കൊച്ചി കോർപ്പറേഷനു മുൻപിലുള്ള നടപ്പാത പലപ്പോഴും സമരക്കാരുടെ കയ്യിലാണ്. നടപ്പാതയിലായാലും റോഡിലായാലും താത്കാലിക സ്റ്റേജുകൾ നിർമ്മിക്കാനാവില്ല. ഒരു കാരണവശാലും ഗതാഗതം തടസപ്പെടുത്താനാവില്ലെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.
റോഡ് അടച്ചുള്ള സിപിഎം സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നതാണെന്നും സംഭവം അറിഞ്ഞയുടൻ ഇടപെടുകയും സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്തതായി പൊലീസ് അവകാശപ്പെട്ടു. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു. റോഡ് കയ്യേറിയുള്ള പ്രവർത്തനങ്ങൾക്കെതിരായ കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും.















