തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 500 അക്രമസംഭവങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ കേസുകളിൽ 270 എണ്ണവും സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്നതാണ്. കെ.എസ്.യുവിനെ പ്രതിക്കൂട്ടിലാകുന്ന 112 കേസുകളുമുണ്ട്. എബിവിപി ഉൾപ്പെട്ട 36 കേസുകളാണുള്ളത്. എംഎസ്എഫ്, എഐഎസ്എഫ്, ക്യാമ്പസ് ഫ്രണ്ട് എന്നീ വിദ്യാർത്ഥി സംഘടനകളുടെ പേരിലും നിരവധി കേസുകളുണ്ട്.
സ്ഥിതിവിവരക്കണക്കുകൾക്ക് അപ്പുറമുള്ള ആഘാതമാണ് ഈ കേസുകൾ സൃഷ്ടിക്കുക എന്നതാണ് മറ്റൊരു വസ്തുത. വിവിധ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് 3,183 പേരാണ് പ്രതികളായത്. ഇത് വിദ്യാർത്ഥികളുടെ ഭാവിക്കുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ക്രിമിനൽ കേസുകളിൽ അകപ്പെടുകയും നിയമപോരാട്ടങ്ങൾക്കായി നടക്കേണ്ടി വരികയും ചെയ്യുമ്പോൾ അവരുടെ അക്കാദമിക പുരോഗതി പൂർണമായും കൂപ്പുകുത്തുന്നു. മാത്രവുമല്ല, ഇത് ക്യാമ്പസിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കും.
പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം അഭിമന്യു, ധീരജ് രാജേന്ദ്രൻ, ജെ.എസ് സിദ്ധാർത്ഥ് എന്നീ മൂന്ന് വിദ്യാർത്ഥികൾക്കാണ് ക്യാമ്പസിൽ നടന്ന അക്രമങ്ങളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ഈ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.















