ആവശ്യത്തിന് വെള്ളവും പാലും മിക്സ് ചെയ്ത് തിളപ്പിച്ച് അതിലേക്ക് തേയിലയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന ചായ എല്ലാവർക്കുമറിയാം. എന്നാൽ പാൽച്ചായയുടെ മണവും രുചിയും ഗുണവും നഷ്ടപ്പെടാതെ തയ്യാറാക്കണമെങ്കിൽ ഇതുപോലെ തിളപ്പിച്ചിട്ട് കാര്യമില്ല. അതിന്റെ റെസിപ്പി വേറെയാണ്. ഇനി ഇങ്ങനെ ചെയ്തുനോക്കൂ..
രണ്ട് പേർക്ക് ചായ തയ്യാറാക്കാൻ
ഒരു കപ്പ് വെള്ളം നന്നായി തിളച്ചതിന് ശേഷം രണ്ട് ടീസ്പൂൺ തേയില (ചെറിയ തരികൾ) ചേർക്കുക. തീ ഓഫ് ചെയ്ത് അഞ്ച് മിനിറ്റ് അടച്ചുവെക്കുക. അൽപാൽപമായി കടുപ്പം ഇറങ്ങുന്നതിന് വേണ്ടിയാണിത്. ഇതിലേക്കാണ് പാലും പഞ്ചസാരയുമെല്ലാം ഇനി ചേർക്കേണ്ടത്.
ഇതിനായി ഒരു കപ്പ് പാൽ (നല്ല കട്ടിയുള്ളത്) തിളപ്പിക്കുക. പാലിനൊപ്പം മധുരമിട്ട് തിളപ്പിക്കരുത്. ഒരു കപ്പിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാര ഇടുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച തേയിലവെള്ളം അരിച്ച് ഒഴിച്ചുകൊടുക്കുക. ശേഷം തിളപ്പിച്ചുവച്ച പാൽ ചേർക്കുക. പാൽപ്പാട വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം നന്നായി ചായ ആറ്റി ഗ്ലാസിലേക്ക് പകർത്താം. എന്നിട്ട് ഗ്ലാസിന് മുകളിൽ ഒരു ടേബിൾ സ്പൂൺ പാൽ ഒഴിച്ചുകൊടുക്കുക. അൽപം തേയില വെള്ളം കൂടി മുകളിൽ വീഴ്‌ത്താം. ഇങ്ങനെ ചെയ്താൽ കിടിലൻ ചായ റെഡി.















