‘ഹെൽത്തി’ ആയി ഇരിക്കാൻ ‘ഹെൽത്തി’ ഭക്ഷണങ്ങൾ കഴിക്കണമെന്നും ‘ഹെൽത്തി’ ലൈഫ്സ്റ്റൈൽ പിന്തുടരണമെന്നും നമുക്കറിയാം.. എന്നാൽ ഈ ചിന്ത അഗാധമായി പിടികൂടുന്ന അവസ്ഥയെ ഒരു രോഗമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.
ഓർത്തോറെക്സിയ നെർവോസ (Orthorexia nervosa) എന്ന് ഗവേഷകർ ചെല്ലപ്പേരിട്ട് വിളിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതലറിയാം..
ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കണമെന്ന ചിന്ത വിടാതെ പിടിമുറുക്കുന്ന അവസ്ഥയാണിത്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇതെല്ലാമാണ്..
ഓരോ നേരവും കഴിക്കേണ്ട ആഹാരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നു. കൂടുതൽ സമയമെടുത്ത് ആസൂത്രണം ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് റിസർച്ച് ചെയ്ത് ഒരുപാട് സമയം കളയുന്നു. അല്ലെങ്കിൽ ഇതുസംബന്ധിച്ച ഗവേഷണങ്ങൾക്കായി അമിതമായി സമയം ചെലവിടുന്നു. ഇതെല്ലാം ഓർത്തോറെക്സിയ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്.
ആരോഗ്യമുള്ള ഭക്ഷണം കഴിക്കണമെന്ന ചിന്ത ഒരു വിഭ്രാന്തി പോലെയാവുകയും ചിലപ്പോൾ ഭക്ഷണം കഴിക്കുന്നത് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളുമൊക്കെ കഴിക്കുന്ന പല ഭക്ഷണങ്ങളും നിങ്ങളുടെ കണ്ണിൽ അനാരോഗ്യകരമായി തോന്നുന്നതിനാൽ പല ഒത്തുചേരൽ ചടങ്ങുകളും ഒഴിവാക്കാനുള്ള പ്രേരണയുണ്ടാകുന്നു. ഇത് പിന്നീട് നിങ്ങളുടെ നിത്യജീവിതത്തെയും ബന്ധങ്ങളെയും മൊത്തത്തിലുള്ള ക്ഷേമത്തെയും ബാധിക്കാൻ തുടങ്ങും.
സ്വയം സൃഷ്ടിച്ച ചില ചട്ടങ്ങൾ (ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട്) പാലിക്കാൻ കഴിയാതെ പോയാൽ അത് നിങ്ങളിൽ കുറ്റബോധവും ഉത്കണ്ഠയും ഉണ്ടാക്കുന്നതിന് കാരണമാകും. പോഷകാഹാരക്കുറവ്, ക്രമാതീതമായി ഭാരം കുറയൽ/വർദ്ധിക്കൽ, ക്ഷീണം, വിഷാദം എന്നിവ അഭിമുഖീകരിക്കേണ്ടി വരുന്നു.
ഹെൽത്ത് ഇൻഡസ്ട്രിയിൽ വരുന്ന ട്രെൻഡുകൾ, മാദ്ധ്യമങ്ങളിലെ വാർത്തകൾ, വീഡിയോകൾ എന്നിവയെല്ലാം ഈ ഭക്ഷണ ക്രമക്കേടിലേക്ക് നമ്മെ തള്ളിവിടാൻ കാരണങ്ങളാണ്. ഓർത്തോറെക്സിയ ബാധിച്ചാൽ തെറാപ്പികളും കൗൺസിലിംഗുമാണ് ഏക പോംവഴി.