ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും ശ്രീലങ്കയ്‌ക്ക് നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ദ്വീപ് രാഷ്‌ട്രം സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നപ്പോൾ ഇന്ത്യ സഹായിച്ചുവെന്ന് ദിസനായകെ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.
” രണ്ട് വർഷങ്ങൾക്ക് മുമ്പ് സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നു ശ്രീലങ്ക. ആ ചതുപ്പിൽ നിന്നും കരകയറാൻ സഹായിച്ചത് ഇന്ത്യയാണ്. കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകി. ഇതിനുപുറമെ കടബാധ്യതകൾ ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകളിലും ഇന്ത്യ വളരെയധികം സഹായിച്ചു. ഇന്ത്യയുടെ വിദേശനയത്തിൽ ശ്രീലങ്ക സുപ്രധാനമായ സ്ഥാനം വഹിക്കുന്നു”.- അനുര കുമാര ദിസനായകെ പറഞ്ഞു.
It is a privilege to visit India on my first overseas trip as President and I am grateful to PM @narendramodi for supporting Sri Lanka during the economic crisis and for aiding debt restructuring. We discussed trade, defence, energy, BRICS, UNCLCS, and stopping illegal fishing… pic.twitter.com/hk1dOjK8IV
— Anura Kumara Dissanayake (@anuradisanayake) December 16, 2024
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും ഇന്ത്യയുടെ താത്പര്യങ്ങൾ മാനിക്കുമെന്നും ദിസനായകെ കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ശ്രീലങ്കൻ പ്രസിഡന്റായതിന് ശേഷം നയതന്ത്രബന്ധം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
ശ്രീലങ്കയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ എക്കാലവും ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതുവരെ 5 ബില്യൺ ഡോളറിന്റെ ധനസഹായം ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകിയിട്ടുണ്ടെന്നും 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്‌കോളർഷിപ്പുകൾ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.















