എറണാകുളം: കുട്ടമ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ കളക്ടറുടെ ഇടപെടൽ. നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ എൽദോസിന്റെ കുടുംബത്തിന് ധനസഹായം നൽകാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ഇതോടെ ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. കളക്ടറുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എൽദോസിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്ത് വച്ച് തന്നെ കുടുംബത്തിന് കൈമാറി. മൃതദേഹം മാറ്റാൻ നാട്ടുകാർ വിസമ്മതിച്ചതോടെ കളക്ടർ കൈ കൂപ്പി അഭ്യർത്ഥിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് പ്രതിഷേധം സമവായത്തിലെത്തിയത്. ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എട്ട് കിലോമീറ്റർ ട്രെഞ്ചിംഗ് ജോലികളും വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതും ഇന്ന് തുടങ്ങും. സോളാർ ഫെൻസിംഗിന്റെ ജോലികൾ 21-ന് ആരംഭിക്കും. സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലികൾ ഉടനെ തുടങ്ങും. 27-ന് കളക്ടർ നേരിട്ടെത്തി അവലോകന യോഗം നടത്തും. ആർആർടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എംഎൽഎ ഫണ്ട് അനുവദിക്കുമെന്നും അതുവരെ വാടകയ്‌ക്ക് വാഹനം അനുവദിക്കാനും ചർച്ചയിൽ തീരുമാനമായി.
പ്രദേശത്ത് വന്യമൃഗങ്ങൾ പതിവാണ്. സ്വൈര്യവിഹാരം നടത്താനുള്ള ഒത്താശ ഭരണകൂടം തന്നെ ചെയ്ത് നൽകുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും ജനങ്ങൾ പറയുന്നു . ഈ സാഹചര്യത്തിലാണ് മൃതദേഹവുമായി പാതിരാത്രിയിൽ കുട്ടമ്പുഴ നിവാസികൾ പ്രതിഷേധിച്ചത്.
കളക്ടറുടെ ഉറപ്പ് പാഴായെന്ന് തോന്നിയാൽ ഇനിയും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. എൽദോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വിട്ടുനൽകും. കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്.
Leave a Comment