കൊച്ചി: ഭാരതത്തിന്റെ അഭിമാനമായി കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം. നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. 24-ന് മാതൃ ഇടവകയിൽ സ്വീകരണം നൽകും. വൈദികനായിരിക്കേ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും കർദിനാൾ കൂവക്കാട് പറഞ്ഞു. എന്നാൽ എപ്പോഴാകും സന്ദർശനമെന്നത് വ്യക്തമായിട്ടില്ല. മാർപാപ്പയുടെ വരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 2025-ന് ശേഷമാകാനാണ് കൂടുതൽ സാധ്യത. ക്രിസ്തു ജനിച്ചതിന്റെ ജൂബിലി ആഘോഷം നടക്കുന്ന വർഷമാണ് 2025. അതിനാൽ റോമിൽ തന്നെയാകും മാർപാപ്പയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയനെന്ന നിലയിൽ, കേരളീയനെന്ന നിലയിൽ അഭിമാനം കൊള്ളുന്നുവെന്നും ജനങ്ങളുടെ സ്നേഹവും പ്രാർത്ഥനയും നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച നാട്ടിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരിക്കാനെത്തിയവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരിയിലെ പിതാക്കന്മാരോടും സുഹൃത്തുക്കളോടും ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞിരുന്നു. കർദിനാളായി പ്രഖ്യാപിച്ച ശേഷം എല്ലാവരും ചേർന്ന് സ്വീകരണം നൽകിയിരുന്നു. അതുകൊണ്ടാണ് അവർ എത്താതിരുന്നതെന്നും തന്നെ സ്വീകരിക്കാനെത്തിയവരോട് സ്നേഹം അറിയിക്കുന്നതായും കേരളത്തിലെത്തിയ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.















