രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് ചെന്നൈയിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നേതൃത്വത്തിൽ, മദ്രാസ് ഡയബറ്റിസ് റിസർച് ഫൗണ്ടേഷന്റെ (MDRF) സഹകരണത്തോടെയാണ് പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ ജൈവ സാമ്പിളുകൾ ശേഖരിച്ച് പ്രമേഹത്തിന്റെയും അനുബന്ധ ആരോഗ്യവൈകല്യങ്ങളുടെയും കാരണങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാനാകുമെന്ന് എംഡിആർഎഫ് ചെയർമാൻ ഡോ. വി മോഹൻ പറഞ്ഞു,
2008 മുതൽ 2020 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ ഐസിഎംആർ ഇന്ത്യ പ്രമേഹ പഠനം, 2006 മുതലുള്ള ഇന്ത്യൻ പ്രമേഹ രജിസ്ട്രി എന്നിവയിൽ നിന്നുള്ള രക്തസാമ്പിളുകൾ ബയോ ബാങ്കിൽ സൂക്ഷിക്കും. ടൈപ്പ് 1, ടൈപ്പ് 2, ഗസ്റ്റേണൽ ഡയബറ്റിസ് തുടങ്ങി യുവാക്കളിലെ പ്രമേഹത്തെ കുറിച്ച് പഠിക്കാനും ഭാവിയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ടി രക്തസാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് മോഹൻ പറഞ്ഞു. രണ്ട് വർഷം മുൻപാണ് ബയോബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
നേരത്തെ രോഗനിർണയം നടത്താനും ചികിത്സാരീതികൾ വികസിപ്പിക്കാനുമുള്ള നൂതന ബയോ സൂചികകൾ ഒരുക്കാൻ ബയോബാങ്ക് സഹായിക്കും. യുകെ അടക്കമുള്ള രാജ്യങ്ങളിൽ ബയോബാങ്കുണ്ട്.















