ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്വാൾ ആണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സമാജ് വാദി പാർട്ടിയും കോൺഗ്രസും സഭയിൽ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ബില്ലിന് ഉറച്ച പിന്തുണ നൽകുന്നതായി ടിഡിപി വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണ് ബില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ആരോപിച്ചു. സഭയുടെ നിയമനിർമാണ ശേഷിക്ക് അപ്പുറമുളള നിർദ്ദേശമാണിതെന്നും ബില്ല് പിൻവലിക്കണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനുളള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് ആയിരുന്നു സമാജ് വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവിന്റെ അഭിപ്രായം.
ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി. ബില്ല് വോട്ട് ചെയ്യാനുളള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന കണ്ടെത്തലായിരുന്നു കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് നടത്തിയത്. ബില്ല് ജെപിസിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബില്ല് പാർലമെന്ററി കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ഡിഎംകെയുടെ ടിആർ ബാലുവും ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രതിനിധി കല്യാൺ ബാനർജിയും ബില്ലിനെ എതിർത്തു.
അതേസമയം ബില്ലിന് നിരുപാധിക പിന്തുണ നൽകുന്നതായി ടിഡിപിയും ശിവസേന ഷിൻഡെ പക്ഷവും വ്യക്തമാക്കി. ബില്ല് രാജ്യത്തിന്റെ പുരോഗമനാത്മകമായ പരിവർത്തനത്തിലേക്കുളള ചുവടുവയ്പാണെന്ന് ടിഡിപി എംപി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു.
രാജ്യത്ത് നല്ല ഭരണം ഉറപ്പാക്കുന്ന ബില്ലാണിതെന്നും വികസനത്തെ പിന്തുണയ്ക്കുന്നതാണെന്നും ടിഡിപി എംപി ലവു ശ്രീകൃഷ്ണ ദേവരായലു പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 129 ാം ഭേദഗതി ബില്ലായിട്ടാണ് ഇത് അവതരിപ്പിച്ചത്.