കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ കലാകാരന്മാരെ വിമർശിച്ച് സ്പീക്കർ എ എൻ ഷംസീർ. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിന് മുമ്പായി പണം എത്ര ലഭിക്കുമെന്നാണ് ഇന്നത്തെ കലാകാരന്മാർ ചോദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ടത്തെ കലാകാരന്മാർ പണത്തെക്കാൾ അധികം കലയെ സ്‌നേഹിച്ചിരുന്നുവെന്നും എ എൻ ഷംസീർ പറഞ്ഞു. തലശേരിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ എല്ലാ വിശദാംശങ്ങളും സ്‌ക്രീൻ ഷോട്ട് വഴി വാട്‌സ്ആപ്പിലേക്ക് ലഭിച്ച ശേഷമാണ് കലാകാരന്മാർ ഇന്ന് വേദിയിലെത്തുന്നത്. ലഭിച്ച പണത്തെക്കാൾ അധികമായി അവർ ഒന്നും ചചെയ്യില്ല. രണ്ട് ഗാനങ്ങൾ ആലപിച്ച് കഴിഞ്ഞാൽ മൂന്നാമത്തെ ഗാനം ആലപിക്കുന്നതിനായി പണം വാങ്ങുന്നവരാണ് ഇപ്പോഴത്തെ കലാകാരന്മാരെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത നൃത്തം ചിട്ടപ്പെടുത്താൻ പ്രശസ്ത നടി പണം ആവശ്യപ്പെട്ടുവെന്ന മന്ത്രി ശിവൻകുട്ടിയുടെ പരാമർശം വിവാദങ്ങമായിരുന്നു. ഇതിനുപിന്നാലെയാണ് കലാകാരന്മാരെ വിമർശിച്ച് സ്പീക്കറും രംഗത്തെത്തിയത്.
സ്‌കൂൾ കലോത്സവത്തിലൂടെ ജനശ്രദ്ധ നേടുകയും പിന്നീട് സിനിമയിലെത്തി നടിയാവുകയും ചെയ്തവരിൽ ചിലർ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടിയെ സമീപിച്ചെന്നും എന്നാൽ നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ നടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിൽ പരാമർശം പിൻവലിക്കുന്നുവെന്ന് പറഞ്ഞും മന്ത്രി ശിവൻകുട്ടി തടിതപ്പിയിരുന്നു.