തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ തിരുവനന്തപുരത്തുള്ള വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാരോപിച്ച എബിവിപി പ്രവർത്തകർ വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മാർച്ച് മന്ത്രിയുടെ വസതിക്ക് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ട് അഞ്ചുദിവസത്തിലധികമായി. എന്നിട്ടും യാതൊരു നടപടികളിലേക്കും സർക്കാർ കടന്നിട്ടില്ല. ഈയൊരു സാഹചര്യത്തിൽ വലിയ രീതിയിൽ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇതൊരു സൂചനാ പ്രതിഷേധം മാത്രമാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വര പ്രസാദ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ചില ക്ലാസുകളിലെ ചോദ്യപേപ്പർ ചോർന്നതും ആ ചോദ്യങ്ങൾ സ്വകാര്യ ഓൺലൈൻ ട്യൂഷൻ സ്ഥാപനം യൂട്യൂബിൽ അപ് ലോഡ് ചെയ്തതും വിവാദമായിരുന്നു. അദ്ധ്യാപകരിൽ നിന്നുളള പ്രവചനം എന്ന രീതിയിലായിരുന്നു ചാനൽ ഇത് പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസവകുപ്പ് സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.















