ഹൈദരാബാദ് ; പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ. വെൻറിലേറ്ററിന്റെ സപ്പോർട്ടിലാണ് ഒന്‍പതുവയസുകാരനായ ശ്രീതേജ കഴിയുന്നത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ഗുരുതര പരുക്കേറ്റിരുന്നു. തേജയുടെ ചികിത്സച്ചെലവു വഹിക്കുമെന്ന് അല്ലു അര്ജുന് നേരത്തെ പറഞ്ഞിരുന്നു.
തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം കിംസ് ആശുപത്രി സന്ദർശിച്ച ശേഷം ഹൈദരബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ സ്ഥിരീകരണം നൽകിയത്. തലച്ചോറിന് ക്ഷതമേറ്റതായും, ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും സി.വി ആനന്ദ് പറഞ്ഞു
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തേജിന്റെ മാതാവ് രേവതി(35) മരിച്ചിരുന്നു. പ്രീമിയർ ഷോക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു.
സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെൻ്റിനുമെതിരെ മനപൂർവമല്ലാത്ത നരഹത്യ, കൊലപാതകം, മനപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ തിയറ്റര്‍ ഉടമകളേയും അല്ലു അര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിയറ്റർ മാനേജ്മെന്റും കേസിൽ പ്രതികളാണ്.
അല്ലുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത് വഷളായെന്നും തുടര്‍ന്ന് ലാത്തിവീശേണ്ടി വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അറസ്റ്റിലായ അല്ലു അര്ജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതനായിരുന്നു