മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്. ബാർസിലോനയുടെ സ്പാനിഷ് താരം അയറ്റ്ന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റി നേട്ടം സ്വന്തമാക്കുന്നത്.
റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തു. എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ. മികച്ച വനിതാ ഗോൾ കീപ്പർക്കുള്ള പുരസ്കാരം യുഎസിന്റെ അലിസ നെഹർ നേടി. മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജൻ്റൈൻ ഫോർവേർഡ് അലജാന്ദ്രോ ഗർനാച്ചോയ്‌ക്ക് ലഭിച്ചു. ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024-ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്.
മെസ്സി, കിലിയൻ എംബാപെ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് വിനീഷ്യസ് ജൂനിയർ മികച്ച ഫുട്ബോളറായത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനായി നടത്തിയ പ്രകടമാണ് വിനീഷ്യസിന് പുരസ്കാരം നേടിക്കൊടുത്തത്. പുരസ്കാരം നേടുന്ന ആറാമത്തെ ബ്രസീൽ താരമാണ്. 24-കാരൻ ബ്രസീലിനായി 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റയലിനായി 284 മത്സരങ്ങളിൽ നിന്ന് 96 ഗോളും നേടി.















