തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉൾപ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കൾ പാർക്ക് സ്ഥാപിച്ചിരിക്കുകയാണ്. ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയ്‌ക്ക് സമീപം കോടികൾ വിലയുള്ള പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയിരിക്കുന്നത്.
കാഴ്ചപരിമിതിയുള്ളവർക്കായി സ്ഥാപിച്ചിരുന്ന ദിശസൂചന ഡൈലുകൾ ഇളക്കിമാറ്റി. വെള്ളയും ചുവപ്പും കലർന്ന ടൈലുകളാണ് പകരം പാകിയിരിക്കുന്നത്. സിപിഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബുവും മകളും കൗൺസിലറുമായ ഗായത്രി ബാബുവുമാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് വിവരം.
സിപിഎം നേതാക്കളായ എകെ ഗോപാലന്റെയും ഇഎംഎസിന്റെയും അർദ്ധകായ പ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സിപിഎം ബിനാമികളുടെ ഡ്രൈവിംഗ് സ്കൂൾ, പാർട്ടി ഓഫീസും സിഐടിയുക്കാർക്കുള്ള വിശ്രമസങ്കേതം ഉൾപ്പടെയുള്ളവ ഇവിടെ പണിതിട്ടുണ്ട്. കയ്യേറ്റം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി കൗൺസിലർ ഗായത്രി ബാബുവിന്റെ ഓഫീസ് എന്നൊരു ബോർഡും വഴിയരികിൽ വച്ചിട്ടുണ്ട്.
ഇരുട്ടായാൽ സമൂഹ്യവിരുദ്ധരുടെ താവളമാണിതെന്ന് നാട്ടുകാർ പറയുന്നു. സിപിഎം സമ്മേളനത്തിന്റെ ബോർഡുകളും മറ്റും സൂക്ഷിക്കുന്ന ഗോഡൗണും ഉപയോഗിക്കുന്നതും ഈ പുറമ്പോക്ക് ഭൂമിയിലാണ്. ഇതിന് സമീപത്തായാണ് സിഐടിയുക്കാർക്ക് വിശ്രമിക്കാനുള്ള പന്തലും കെട്ടി. ഇത്രയേറെ സംഭവവികാസങ്ങൾ പൊലീസോ നഗരസഭാ അധികൃതരോ അറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടിയതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനിടെയാണ് പുതിയ കയ്യേറ്റം. കോടതി ഉത്തരവുകളെ പുല്ലുവില കൽപ്പിക്കുകയാണ് സിപിഎം.