കോഴിക്കോട്: നഴ്‌സിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ-സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഗവ.നഴ്‌സിങ് കോളേജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
നഴ്‌സിങ് കോളേജ് ക്യാംപസിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ലക്ഷ്മിക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്നവർ ക്ലാസിൽ പോയ സമയത്തായിരുന്നു സംഭവം. അസുഖത്തെ തുടർന്നാണ് ലക്ഷ്മി ക്ലാസിൽ വരാതിരുന്നതെന്ന് ഇവർ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.















