കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം . പൗരന്മാർക്ക് ഇത് സൗജന്യമായി നൽകുമെന്നും അധികൃതർ അറിയിച്ചു. വാക്സിൻ വിതരണം 2025 ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ റേഡിയോളജിക്കൽ മെഡിക്കൽ റിസർച്ച് സെൻ്റർ മേധാവി ആന്ദ്രേ കാപ്രിൻ പറഞ്ഞു.
ഈ വാക്സിൻ കാൻസർ രോഗികളുടെ ചികിത്സയ്‌ക്കുള്ളതാണ്. ട്യൂമർ രൂപീകരണം തടയാൻ ഇത് ഉപയോഗിക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന കാൻസർ വാക്സിനുകൾക്ക് സമാനമായി ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലാണ് ഓരോ ഷോട്ടും തയ്യാറാക്കുന്നതെന്ന് റഷ്യൻ ശാസ്ത്രജ്ഞർ പറഞ്ഞു.
വാക്സിൻ ഏത് തരത്തിലുള്ള അർബുദത്തെ ചികിത്സിക്കുമെന്നോ, അത് എത്രത്തോളം ഫലപ്രദമാകുമെന്നോ റഷ്യ എങ്ങനെ നടപ്പാക്കുമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വാക്‌സിന്റെ പേരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ലോകമെമ്പാടുമുള്ളതുപോലെ, റഷ്യയിലും കാൻസർ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022-ൽ 635,000-ലധികം കാൻസർ രോഗികൾ റഷ്യയിൽ ഉണ്ടായിരുന്നു. വൻകുടൽ, സ്തന, ശ്വാസകോശ അർബുദങ്ങൾ റഷ്യയിൽ കൂടുതലായി കാണപ്പെടുന്നു.കാൻസർ വാക്‌സിൻ അന്തിമ ഘട്ടത്തിലാണെന്ന് നേരത്തെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.
കോവിഡ് മഹാമാരി സമയത്ത്, റഷ്യ സ്വന്തമായി സ്‌പുട്‌നിക് വി വാക്‌സിൻ നിർമ്മിക്കുകയും നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തിരുന്നു.















