മുടിയാണ് പെണ്ണിന് അഴകെന്ന് പറഞ്ഞാലും മുടികൊഴിച്ചിൽ പെണ്ണിനെന്ന് അല്ല എല്ലാവർക്കും സമാധാനക്കേടാണ്. പലവിധ എണ്ണകളും ഹെയർ മാസ്കുകളുമൊക്കെ മാറി മാറി ഉപയോഗിച്ചാലും ചിലർക്ക് മുടികൊഴിച്ചിൽ കുറയണമെന്നില്ല. എണ്ണ കാച്ചിയും യുട്യൂബിലെ വീഡിയോകൾ കണ്ട് ചായപ്പൊടി കുറുക്കിയും നെല്ലിക്കാ പൊടി തേച്ചുമൊക്കെ സമയം കളയുന്നവർ അറിയാതെ പോകുന്നൊരു കാര്യമുണ്ട്.. അവ എന്തെല്ലാമാണെന്നറിയാം..
ഹോർമോൺ വ്യതിയാനം
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കാണുള്ളത്. ഹോർമോണിലുണ്ടാകുന്ന വ്യതിയാനം മുടി കൊഴിയാൻ കാരണമാകും.
* PCOS
പിസിഒഡി, പിസിഒഎസ് പ്രശ്നങ്ങളുള്ളവർക്ക് മുടികൊഴിച്ചിലിനുള്ള സാധ്യതയേറെയാണ്. ആൻഡ്രജൻ ഉത്പാദനം തലയോട്ടിയിലെ മുടി വളർച്ച മുരടിക്കുകയും ശരീരത്തിലെ മറ്റിടങ്ങളിൽ അമിതമായ രോമവളർച്ചയ്‌ക്കും കാരണമാകുന്നു.
* ഗർഭകാലവും പ്രസവാനന്തരവും
ഗർഭകാലത്ത് ഈസ്ട്രജൻ ഉത്പാദനം വർദ്ധിക്കും. ഇതിന്റെ ഫലമായി മുടി കൊഴിയും. പ്രസവത്തിന് ശേഷം ഹോർമോൺ നില സാധാരണഗതിയിലേക്ക് മാറും. പെട്ടെന്നുള്ള ഈ മാറ്റവും മുടികൊഴിച്ചിലിന് കാരണമാകും.
* തൈറോയ്ഡ് പ്രശ്നങ്ങൾ
ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും ഹോർമോണിന്റെ അളവിലെ മാറ്റം കാരണം മുടി വളർച്ചയെ തടസ്സപ്പെടുത്തും.
* ആർത്തവവിരാമം
ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.
പോഷകാഹര കുറവ്
ആരോഗ്യമുള്ള മുടിക്കു മുടി വളർച്ചയ്‌ക്കും സമീകൃതാഹാരം നിർണായ പങ്ക് വഹിക്കുന്നു. പോഷകങ്ങളുടെ അപര്യാപ്തത രോമകൂപങ്ങളെ ദുർബലപ്പെടുത്തുന്നു. ഇത് ക്രമേണ മുടികൊഴിച്ചിലിന് കാരണമാകും. ഇലക്കറികൾ, മുട്ട, പരിപ്പ്, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
* ഇരുമ്പിന്റെ കുറവ്
ഇരുമ്പിന്റെ അളവ് കുറയുന്നത് വിളർച്ചയ്‌ക്ക് കാരണമാകും. ഇത് രോമകൂപങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം നിയന്ത്രിക്കുന്നു. ഇത് മുടി കൊഴിയാൻ കാരണമാകും.
* പ്രോട്ടീന്റെ കുറവ്
കെരാറ്റിൻ എന്ന പ്രോട്ടീനാലാണ് മുടി നിർമിക്കപ്പെട്ടിട്ടുള്ളത്. പ്രോട്ടീന്റെ കുറവ് മുടി വളർച്ചയെ മന്ദഗതിയിലാക്കും.
* വിറ്റാമിൻ ഡി
മുടിയുടെ ആരോഗ്യത്തിന് അനിവാര്യമാണ് വിറ്റാമിൻ ഡി. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് മുടികൊഴിച്ചിലിന് കാരണമാകും.
* സിങ്ക്, ബയോട്ടിൻ എന്നിവയുടെ കുറവ്
ഇവയുടെ കുറവ് മുടി പൊട്ടാൻ കാരണമാകും. ഇതുവഴി മുടി വളർച്ചയെ തടസപ്പെടുത്തും.
സമ്മർദ്ദവും ജീവിതശൈലിയും
ശാരീരികവും മാനസികവും വൈകാരികവുമായ സമ്മർദ്ദം ശരീരത്തെ പോലെ തന്നെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കും.
* വിട്ടുമാറാത്ത സമ്മർദ്ദം
സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ ബാധിക്കുന്നു.
* ഉറക്കകുറവ്
നിലവാരമില്ലാത്ത ഉറക്കവും ഉറക്കരീതികളും ആരോഗ്യത്തെ പോലെ തന്നെ മുടിയെയും ബാധിക്കും.
* വ്യായാമത്തിന്റെ അഭാവം
വ്യായാമം ചെയ്യാതിരിക്കുമ്പോൾ തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് രോമകൂപങ്ങളുടെ വളർച്ചയെ തടസപ്പെടുത്തും.
ഹെയർ സ്റ്റൈലിംഗും ചികിത്സകളും
മുടിയിൽ കെമിക്കലുകൾ ഉപയോഗിച്ചാൽ മുടി കൊഴിയുമെന്ന് നിസ്സംശയം പറയാം. അമിത ഉപയോഗവും തലമുടിയിൽ അമിതമായി ചൂട് കൊള്ളിക്കുന്നതും മുടിയുടെ സ്വഭാവിക വളർച്ചയെ തടയും.
* ഹീറ്റ് സ്റ്റൈലിംഗ്
ബ്ലോ ഡ്രയർ, സ്‌ട്രെയ്‌റ്റനറുകൾ എന്നിവയുടെ അമിത ഉപയോഗം മുടിയുടെ തുമ്പിനെ ദുർബലമാക്കുന്നു.
* കെമിക്കൽ ട്രീറ്റ്മെൻ്റ്
ഇടയ്‌ക്കിടെ മുടിക്ക് നിറം നൽകുന്നതും സ്ട്രെയിറ്റനിംഗ് ചെയ്യുന്നതും എണ്ണമയം മാറുന്നതിനും മുടി പൊട്ടുന്നതിനും കാരണമാകും.
മുടി കെട്ടുന്ന രീതികൾ
പോണിടെയിലുകൾ, ബ്രെയ്ഡുകൾ, ബണ്ണുകൾ തുടങ്ങിയ രീതികൾ മുടിക്ക് അനുയോജ്യമല്ലെന്നത് തിരിച്ചറിയണം. ഇവ മുടി പൊട്ടുന്നതിനും കൊഴിയുന്നതിനും കാരണമാകും.