തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്‌റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ 16 പേരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ്. സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ പട്ടികയാണ് കൈമാറിയത്. ഹൈക്കോടതി നിർദേശിച്ചാൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ അഞ്ഞൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പാളയം ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കെതിരെയാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുത്തത്. ജില്ലാ നേതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാന നേതാക്കളെ ആദ്യ ഘട്ടത്തിൽ പൊലീസ് ഒഴിവാക്കിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് എം വി ഗോവിന്ദൻ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ചേർക്കാൻ പൊലീസ് തീരുമാനിക്കുന്നത്. വഴിയടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റ് സംഭവിച്ചതായി ജില്ലാ സെക്രട്ടറി വി പി ജോയി നേരത്തെ പറഞ്ഞിരുന്നു. വഴിയടച്ച് സ്റ്റേജ് ഉണ്ടാക്കിയത് ശരിയായില്ലെന്നും, ഇനിയിത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നുമാണ് ജോയി പറഞ്ഞത്.
പാതയോരങ്ങളിൽ പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്ക് ഉണ്ടെന്നിരിക്കെയാണ് വഞ്ചിയൂരിൽ പ്രധാനപാത പൂർണമായും അടച്ചുകെട്ടി സിപിഎം സ്റ്റേജ് ഉണ്ടാക്കിയത്. സംഭവത്തിൽ ഹൈക്കോടതി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. ഈ മാസം അഞ്ചിന് സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് റോഡിന്റെ ഒരു ഭാഗം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്.















