മലപ്പുറം കേന്ദ്രീകരിച്ച് വീട്ടുപ്രസവം കൂടുന്നതായി റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് 253 പ്രസവങ്ങൾ ഇത്തരത്തിൽ നടന്നതായാണ് വിവരാവകാശ രേഖകളിൽ പറയുന്നത്. ഇത് കാലേയളവിൽ സംസ്ഥാനത്ത് ആകെ നടന്നത് 523 പ്രസവങ്ങളാണ്. ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ 93 പ്രസവങ്ങളാണ് മലപ്പുറം ജില്ലയിൽ നടന്നത്. വീട്ടുപ്രസവങ്ങൾ അതീവ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനാൽ യഥാർത്ഥ കണക്ക് ഇതിലേറെ വരും.
പ്രത്യേക മതവിഭാഗത്തിന്റെ നേതൃത്വത്തിൽ വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും ജില്ലയിൽ സജീവമാണ്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ പലരും ഡോക്ടർമാരും അദ്ധ്യാപകന്മരുമാണ്. വീട്ടിലെ പ്രസവത്തെ മഹത്വവൽക്കരിക്കുന്നതിനായി കുടുംബ സംഗമങ്ങളും ഇവർ നടത്താറുണ്ട്.
ആരോഗ്യവകുപ്പ് ഇതിനെതിരെ ബോധവൽക്കരണം നടത്തുണ്ടെങ്കിലും വീട്ടിലെ പ്രസവം നിർബാധം തുടരുകയാണ്. മലപ്പുറത്ത് ലക്ഷദ്വീപിൽ നിന്നു പോലും പ്രസവിക്കാൻ സ്ത്രീകൾ വരുന്നുണ്ട്. ഭർത്താവിന്റെയും വീട്ടുകാരും നിർബന്ധിപ്പിച്ച് വീട്ടിൽ പ്രസവിപ്പിക്കുന്ന സംഭവങ്ങളും വർദ്ധിച്ചു വരികയാണ്.
ചിലർ പ്രദേശത്തെ വയറ്റാട്ടിമാരെ വെച്ചാണ് എടുക്കുന്നത്. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാണ് മിക്കവരും ആദ്യമായി ആശുപത്രിയുടെ പടിപോലും ചവിട്ടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വീട്ടിൽ പ്രസവിക്കാൻ ശ്രമിക്കവേ കുഞ്ഞിന്റെ തല മാത്രം പുറത്തുവന്ന നിലയിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ച സംഭവവും ഉണ്ടായിരുന്നു. എന്നാൽ ആ കുഞ്ഞ് പിന്നീട് മരണപ്പെട്ടു.
വീടുകളിൽ പ്രസവിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ പോലും ഇക്കാര്യത്തിൽ നിസ്സഹായരാണ്. ഗർഭിണികളായ സ്ത്രീകളെ കാണാൻ പോലും വീട്ടുകാർ അനുവദിക്കാറില്ല. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ഭീഷണി മുഴക്കിയാണ് പലപ്പോഴും ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്.