എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം, കുടുംബക്കല്ലറയിൽ മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. പെൺമക്കളായ സുജാത ലോറൻസ്, ആശ ലോറൻസ് എന്നിവർ നൽകിയ ഹർജിയിലാണ് കോടതി നടപടി.
മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. അതേസമയം, നിയമപോരാട്ടം തുടരുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും മകൾ ആശ ലോറൻസ് പ്രതികരിച്ചു. കള്ള സാക്ഷികളെയാണ് കോടതിയിൽ ഹാജരാക്കിയതെന്നും ആശ ആരോപിച്ചു.
നേരത്തെ, ഹൈക്കോടതി സിംഗിൾ ബെഞ്ചും മൃതദേഹം വിട്ടുനൽകണമെന്ന ഹർജി തള്ളിയിരുന്നു. രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ലോറൻസിന്റെ പെൺമക്കൾ വീണ്ടും അപ്പീൽ നൽകുകയായിരുന്നു. ഉത്തരവ് റദ്ദാക്കി, മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.















