ന്യൂഡൽഹി: വിദ്വേഷം നിറച്ച കള്ളങ്ങൾ കൊണ്ട് അവരുടെ ദുരുദ്ദേശ്യങ്ങൾ വർഷങ്ങളോളം മറയ്ക്കാമെന്നാണ് കോൺഗ്രസും അവരുടെ ജീർണിച്ച പരിസ്ഥിതിയും കരുതുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാബാ സാഹേബ് അംബേദ്കർ വിഷയത്തിൽ കോൺഗ്രസ് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷെ കോൺഗ്രസ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അംബേദ്കറോടുളള അവരുടെ അവഹേളനം ഒരിക്കലും ഇതുകൊണ്ട് മാഞ്ഞുപോകില്ലെന്ന് പ്രധാനമന്ത്രി എക്സിൽ നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. കുടുംബാധിപത്യം നിലനിൽക്കുന്ന ഒരു പാർട്ടി ഡോ. അംബേദ്ക്കറുടെ പൈതൃകം നശിപ്പിക്കാനും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അവഹേളിക്കാനും എന്ത് വൃത്തികെട്ട വഴിയും സ്വീകരിക്കുന്നത് ജനങ്ങൾ കാലങ്ങളായി കാണുന്നതാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
ബാബ സാഹേബ് അംബേദ്കർ കാരണമാണ് നമ്മൾ ഇപ്പോൾ എന്താണോ അതായിത്തീർന്നത്. അംബേദ്ക്കറിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വിശ്രമമില്ലാതെ കഴിഞ്ഞ പത്ത് വർഷമായി തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ട്. എസ്സി, എസ്ടി ആക്ട് ശക്തമാക്കിയതും 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കിയതും സ്വച്ഛ്ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ഉജ്ജ്വൽ യോജന തുടങ്ങി തന്റെ സർക്കാർ ആവിഷ്കരിച്ച പദ്ധതികളെല്ലാം പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരെ സ്പർശിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അംബേദ്ക്കർ വർഷങ്ങളോളം ചെലവഴിച്ച ഡൽഹിയിലെ 26 ആലിപൂർ റോഡ് വികസിപ്പിച്ചത് ഉൾപ്പെടെയുളള കാര്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുണ്ട്. അദ്ദേഹം ലണ്ടനിൽ ജീവിച്ച വീടും ഇന്ത്യൻ സർക്കാർ ഏറ്റെടുത്തു. ഡോ. അംബേദ്ക്കറുമായി ബന്ധപ്പെട്ട അഞ്ചിടങ്ങൾ പഞ്ചതീർത്ഥമായി വികസിപ്പിച്ചത് തന്റെ സർക്കാരാണ്. അംബേദ്കർ അന്ത്യവിശ്രമം കൊളളുന്ന മഹാരാഷ്ട്രയിലെ ചൈത്യഭൂമിയിലെ വർഷങ്ങൾ പഴക്കമുളള ഭൂമി പ്രശ്നം പരിഹരിച്ചതും കൂടാതെ അവിടെ പോയി പ്രാർത്ഥിച്ച കാര്യവും മോദി കുറിച്ചു. അംബേദ്ക്കറിന്റെ കാര്യത്തിൽ നമ്മുടെ ആദരവും ബഹുമാനവും അങ്ങേയറ്റമാണെന്ന് പറഞ്ഞാണ് മോദി എക്സിലെ പ്രതികരണം അവസാനിപ്പിക്കുന്നത്.