തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനെ മർദിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നാല് പേരുടെ ജാമ്യാപേക്ഷയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
ദിവ്യാംഗനായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പരീക്ഷയായതിനാൽ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയും ഇരുഭാഗങ്ങളുടെ വാദം കേട്ട ശേഷം മുൻകൂർ ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.
പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് വൻ പ്രതിഷേധങ്ങളാണുണ്ടായത്. നേരത്തെ ഇവരെ കോളേജിൽ നിന്നും പുറത്താക്കിയിരുന്നു.
എസ്എഫ്‌ഐയുടെ പരിപാടികളിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പെരുങ്കുഴി കൊണ്ണിയൂർ സ്വദേശി മുഹമ്മദ് അനസിനെയാണ് പ്രവർത്തകർ മർദിച്ചത്. അനസിന്റെ സ്വാധീനമില്ലാത്ത കാലിലും തലയ്‌ക്കും എസ്എഫ്‌ഐ പ്രവർത്തകർ വടികൊണ്ട് അടിച്ചു.
സംഭവത്തിൽ കോളേജ് യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളുമായ ജമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, രണ്ടാം വർഷ വിദ്യാർത്ഥി വിധു ഉദയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.















