ആലപ്പുഴ: കൊല്ലപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 22 പേർക്ക് പരിക്കേറ്റു. അദ്ധ്യാപകരും സ്‌കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്.
എറണാകുളത്ത് നിന്ന് ചേർത്തലയ്‌ക്ക് വരികയായിരുന്ന ആശീർവാദ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. കാലിത്തീറ്റ ഇറക്കിയ ശേഷം റോഡിന്റെ ഒരുവശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. യാത്രക്കാരുടെ തലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ മൂക്കിന്റെ എല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ മറ്റ് യാത്രക്കാരെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിട്ടയച്ചു.















