പത്തനംതിട്ട: കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടേയും സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. നവദമ്പതിമാരായ നിഖിൽ, അനു, ഇരുവരുടേയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാല് പേരുടേയും സംസ്‌കാരം പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് നടക്കുന്നത്. മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം നിലവിൽ പള്ളിയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. 12 മണി വരെ പൊതുദർശനം തുടരും. അതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും.
മധുവിധു ആഘോഷിച്ച ശേഷം മലേഷ്യയിൽ നിന്ന് തിരികെയെത്തുന്ന നിഖിലിനേയും അനുവിനേയും വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബർ 30നാണ് നിഖിലും അനുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 15ാം ദിവസം നടന്ന അപകടം ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്‌ത്തി.
കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തുന്നത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അനു. അതേസമയം അശ്രദ്ധമായി വാഹമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കാർ ഓടിച്ച ആളുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കാർ അമിതവേഗതയിലായിരുന്നുവെന്നും, മിനി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ബസിന്റെ ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.