തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിലേക്ക് കൈമാറും. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിത്യപൂജയ്‌ക്ക് ഉപയോഗിക്കാത്ത ഭക്തർ സമർപ്പിച്ച 535 കിലോ സ്വർണമാണ് നിക്ഷേപിക്കുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് പലിയിശനത്തിൽ മാത്രം പ്രതിവർഷം 10 കോടിയിലധികം രൂപ ദേവസ്വം ബോർഡിന് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപ പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗം അനുമതി നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1252 ക്ഷേത്രങ്ങളാണുള്ളത്. ഇവിടത്തെ സ്വർണം 21 സ്ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. സ്ട്രോങ് റൂമുകളിൽ നിന്ന് സ്വർണം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. ഇവിടെ നിന്നാണ് എസ്ബിഐയുടെ തൃശ്ശൂർശാഖയ്‌ക്ക് കൈമാറും. മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിലായിരിക്കും കൈമാറ്റ നടപടികൾ.
ക്ഷേത്രങ്ങളിലെ സ്വർണം അതിന്റെ മൂല്യമനുസരിച്ച് മൂന്ന് വിഭാഗമായാണ് തരം തിരിച്ചിരിക്കുന്നത്. പുരാതന മുല്യമുള്ളവ എ കാറ്റഗറിയിൽ ഉൾപ്പെടും. പൂജയ്‌ക്കും ഉത്സവങ്ങൾക്കും നിത്യ ചടങ്ങുകൾക്കും ഉപയോഗിക്കുന്നവ ബി കാറ്റഗറിയാണ്. ഭക്തർ സമർപ്പിക്കുന്ന സ്വർണമാണ് സി കാറ്റഗറിൽപെടുന്നത്. ഹൈക്കോടതി അനുമതിയോടെ സി കാറ്റഗറിയിൽപെടുന്ന സ്വർണത്തിന്റെ കണക്കെടുപ്പ് പൂർത്തിയായി. ഗുരുവായൂർ ദേവസ്വം ബോർഡിലെ സ്വർണം നേരത്തെ തന്നെ നിക്ഷേപപദ്ധതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് മറ്റ് ക്ഷേത്രങ്ങളിലെ സ്വർണവും നിക്ഷേപിക്കുന്നത്.