എറണാകുളം: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി മറവ് ചെയ്യാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം.
വീടിന് പിന്നിൽ പ്രദീപ് കുഴിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ നിരീക്ഷിച്ചിരുന്നു. തുടർന്ന് അല്ലിയെ കുഴിയിലിട്ട് മൂടുകയായിരുന്നു. ഇത് കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
സ്ഥിരം മദ്യപാനിയാണ് പ്രദീപെന്ന് പൊലീസ് പറഞ്ഞു. അമ്മ മരിച്ചപ്പോൾ മറവ് ചെയ്തതാണെന്നാണ് ഇയാളുടെ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിന് അയക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മറ്റ് കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
സ്ഥിരം മദ്യപാനിയായതിനാൽ പ്രദീപിന്റെ ഭാര്യയും മക്കളും ഇയാളിൽ നിന്ന് വേർപിരിഞ്ഞാണ് ജീവിക്കുന്നത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ച് വന്ന ശേഷം ഇയാൾ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അല്ലിയെ അപായപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.















