എറണാകുളം: കോതമംഗലത്ത് ആറ് വയസുകാരി മരിച്ച നിലയിൽ. ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവം.
നെല്ലിക്കുഴി പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്‌കാൻ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി ഭക്ഷണം കഴിച്ച് കുട്ടി കിടന്നുറങ്ങിയതായിരുന്നു. രാവിലെ ഏറെ വൈകിയും എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി.
ഇതോടെ ബന്ധുക്കൾ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു. കുട്ടി എങ്ങനെ മരിച്ചുവെന്നതിൽ വ്യക്തതയില്ല. ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.















