തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തെ ന്യായീകരിച്ച പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെ പരിഹസിച്ചും വിമർശിച്ചും അഡ്വ എ. ജയശങ്കർ.
” വിജയരാഘവൻ വലിയ ബുദ്ധിജീവിയാണ് അദ്ദേഹം സാധാരണ മനുഷ്യരെ പോലെയല്ല. അദ്ദേഹം വെറും ബുദ്ധിജീവിയല്ല സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമാണ്. വിജയരാഘവന്റെ പറയുന്നത് പോല എല്ലാവരും എന്തിനാണ് കാറിൽ പോകുന്നതെന്ന് വാശിപ്പിടിക്കുന്നത്. വഞ്ചിയൂരിൽ നടത്തിയത് പോലൊന്ന് ക്ലിഫ് ഹൗസ് കൊമ്പൗണ്ടിന് പുറത്തും നടത്തണം. അകമ്പടി വാഹനമില്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിയിറ്റിലേക്ക് നടന്ന് പോയാൽ എന്താണ് കുഴപ്പം. വയസ്സു കാലത്ത് നടക്കുന്നത് നല്ലതല്ലേ. വിജയരാഘവന്റെ ഭാര്യ ബിന്ദു ടിച്ചർ നമ്മൾ കൊടുക്കുന്ന ടാക്സിൽ നിന്നും പെട്രോൾ അടിച്ചല്ലേ ഹോണും മുഴക്കി പായുന്നത്. ടീച്ചർക്കും നടന്ന് പോകാമല്ലോ. ബിന്ദു ടീച്ചർ നടന്ന് സെക്രട്ടറിയേറ്റ് വരെ പോയി മാതൃക കാണിക്കട്ടെ. അദ്ദേഹം ഭാര്യയെ ഉപദേശിക്കണം”, ജയശങ്കർ പരിഹസിച്ചു.
സോഷ്യൽ മീഡിയയിൽ ‘വിജയരാഘവന്റെ എല്ലാരും എന്തിനാ കാറിൽ പോകുന്നതെന്ന’ പ്രസംഗം വൈറലാണ്. കാലത്തിന് അനുസരിച്ച് ബുദ്ധി വികസിക്കാത്ത വ്യക്തി, കാറുള്ള എല്ലാവരും ബൂർഷ്വകളാണ് എന്നായിരിക്കും സഖാവിന്റെ ചിന്ത തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.
തൃശൂർ കുന്നംകുളം ഏരിയ സമ്മേളനത്തിലാണ് വിജയരാഘവന്റെ ന്യായീകരണ പ്രസംഗം. റോഡിൽ സ്‌റ്റേജ് കെട്ടിയത് കൊണ്ട് എന്തൊരു ട്രാഫിക് ജാം ഉണ്ടായി എന്നാണ് അവർ പറയുന്നത്. പത്ത് മനുഷ്യർക്ക് പോകാൻ കുറച്ച് സ്ഥലം മതി. പക്ഷേ പത്ത് കാറുകൾ പോകണമെങ്കിൽ എത്ര സ്ഥലം വേണം. പണ്ടൊക്കെ എല്ലാവരും നടന്നാണ് പൊയ്‌ക്കൊണ്ടിരുന്നത്. കാർ എടുത്ത് അമ്മായിഅമ്മയെ കാണാനാണ് ചിലർ പോകുന്നത്. സല്ലപിച്ച് വർത്താനം പറഞ്ഞൊക്കെയാണ് യാത്ര. അത്യാവശ്യത്തിനുള്ള കാർ യാത്ര കുറവായിരിക്കും. കാർ ഉള്ളവൻ കാറിൽ പോകുന്നത് പോലെ തന്നെ പാവങ്ങൾക്ക് ജാഥ നടത്താനുള്ള അവകാശവും വേണം എന്നിങ്ങനെ പോകുന്നു വിജയരാഘവന്റെ വാക്കുകൾ. ഈ മാസം അഞ്ചിനാണ് സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ട് റോഡിന്റെ ഒരു ഭാഗം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്.