മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ റിലീസ് ചെയ്ത ചിത്രത്തിന് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. മോഹൻലാൽ, സുമലത, പാർവതി ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ മികച്ച ക്ലാസിക് ചിത്രമാണ് തൂവാനത്തുമ്പികൾ. വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. പുതിയ ചിത്രം ബറോസിന്റെ പ്രമോഷന്റെ ഭാഗമായി, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ബരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“തൂവനത്തൂമ്പികൾ അഞ്ഞൂറിലധികം തവണ കണ്ടവരെ എനിക്കറിയാം. ഇപ്പോഴും പ്രേക്ഷകർ ആ സിനിമ കാണുന്നു, ആസ്വദിക്കുന്നു. ആളുകൾക്ക് ആ സിനിമയോട് വല്ലാത്തൊരു കൗതുകമാണ്. തൂവാനത്തുമ്പികളുടെ കഥയും ആശയവുമൊക്കെ വളരെയധികം കൗതുകത്തോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. പ്രണയം, അസൂയ, വിഷമം അങ്ങനെ എല്ലാ ഇമോഷൻസും അടങ്ങിയതാണ് ഈ സിനിമ.
ഒരു നടൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു തൂവാനത്തുമ്പികൾ. സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോഴും നമ്മൾ സംസാരിക്കുന്നത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ സ്നേഹിക്കുന്നത്. മോഹൻലാലിനല്ല, ജയകൃഷ്ണനാണ് തിരക്കഥാകൃത്ത് എല്ലാ പവറും കൊടുത്തത്. മേക്കിഗും സംഭാഷണവും സംഗീതവുമൊക്കെ വ്യത്യസ്തമാണെങ്കിലും അതിൽ ഏറെ വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയം. അതിമനോഹരമായ ആശയമാണ് സംവിധായകൻ തൂവാനത്തൂമ്പികളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ഇന്നത്തെ സിനിമകളിൽ പ്രണയം, സങ്കടം തുടങ്ങിയ ഇമോഷൻസൊക്കെ വ്യത്യസ്തമായാണ് ഉള്ളത്. ഒരിക്കലും കുറ്റമായി പറയുന്നതല്ല, തലമുറകൾക്കനുസരിച്ച് അതിൽ മാറ്റങ്ങൾ വരാറുണ്ട്. പക്ഷേ, വികാരങ്ങൾ എപ്പോഴും ഒരുപോലെയാണ്”.
ഭരതൻ, മണിരത്നം, പത്മരാജൻ, അരവിന്ദൻ തുടങ്ങിയ പ്രമുഖരായ സംവിധായകന്മാരോടൊപ്പം എനിക്ക് വർക്ക് ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരുപാട് കഴിവുള്ള സംവിധായകന്മാർ പുതിയ തലമുറയിലുണ്ട്. കൊമേഴ്‌സ്യൽ , ആക്ഷൻ, കോമഡി സിനിമകളൊക്കെ വരുന്നുണ്ട്. പക്ഷേ ആശയങ്ങളാണ് പ്രധാനപ്പെട്ടതെന്നും മോഹൻലാൽ പറഞ്ഞു.















