മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ ഗാനത്തിന്റെ പ്രൊമോ വീഡിയോ എത്തി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ചിത്രത്തിലെ
മനോഹര ഗാനത്തിന്റെ പ്രാെമോ വീഡിയോയാണെത്തിയത്. ദുബായ് മാളിൽ നടന്ന പരിപാടിയിലാണ് അണ്ടർവാട്ടർ സോംഗിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കിയത്. മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്കിലൂടെയാണ് പ്രൊമോ ഗാനം റിലീസ് ചെയ്തത്.
ബറോസിലെ ഒരു അണ്ടർ വാട്ടർ വീഡിയോ ഗാനം പുറത്തിറങ്ങുമെന്ന് നേരത്തെ, ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് ദൃശ്യ വിസ്മയം ഒരുക്കുന്ന വീഡിയോ ഗാനമാണ് എത്തിയത്. കടലിനടിയിലുള്ള ഒരു മാന്ത്രികലോകത്തേക്കാണ് പ്രൊമോ വീഡിയോ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. കാർട്ടുണുകളും മറ്റ് ആനിമേഷൻ വീഡിയോകളും പോലെയാണ് പ്രൊമോ വീഡിയോ ഗാനവും ഒരുക്കിയിരിക്കുന്നത്.
പുറത്തെത്തി, നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ തരംഗമായി പ്രൊമേ വീഡിയോ. കുട്ടികളുടെ പ്രിയ കാർട്ടൂൺ ചിത്രമായ മാജിക് വണ്ടർലാന്റുമായി സാമ്യപ്പെടുത്തിയാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നത്. കുട്ടികൾ ഏറ്റെടുക്കാൻ പോകുന്ന കിടിലം സിനിമയായിരിക്കും ബറോസ്, മലയാള സിനിമാ മേഖലയിൽ നിന്ന് ഇങ്ങനെയൊരു സിനിമ വരുന്നതിൽ അഭിമാനിക്കുന്നു, കുട്ടികൾക്ക് ആഘോഷിക്കാനുള്ള ബറോസ് എന്നിങ്ങനെ തുടരുന്നു കമന്റുകൾ.
ക്രിസ്തുമസ് റിലീസായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോ ഗാനവും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. തൊട്ടുപിന്നാലെയെത്തിയ പ്രൊമോ വീഡിയോയു ആഘോഷമാക്കുകയാണ് ആരാധകർ.