ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കരുതൽധനത്തിൽ ശ്രദ്ധേയമായ വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ലെ സാമ്പത്തിക വർഷത്തിൽ 16,493 കോടിയായിരുന്ന കരുതൽ ധനം (പണവും ബാങ്ക് ബാലൻസും) 2024 സാമ്പത്തിക വർഷത്തിലേക്ക് കടന്നപ്പോൾ 20,686 കോടിയായി ഉയർന്നു. ഏകദേശം 4,200 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മുൻ സെക്രട്ടറി ജയ് ഷാ. അടുത്തിടെ നടന്ന അപെക്‌സ് കൗൺസിൽ യോഗത്തിൽ, മുൻ ബിസിസിഐ സെക്രട്ടറി ബോർഡിന്റെ സാമ്പത്തിക റിപ്പോർട്ടുകൾ വിശദമാക്കി. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വരുമാനം 7,476 കോടി രൂപയായി കണക്കാക്കിയപ്പോൾ, യഥാർത്ഥ വരുമാനം പ്രതീക്ഷകളെ മറികടന്ന് 8,995 കോടി രൂപയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊതു ഫണ്ട് 6,365 കോടി രൂപയിൽ നിന്ന് 7,988 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 1,623 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ബോർഡിന്റെ മികച്ച പ്രകടനത്തിൽ അംഗങ്ങളെ ട്രഷറർ ആശിഷ് ഷെലാർ അഭിനന്ദിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വരുമാനം 10,054 കോടി രൂപയാണെന്നും പ്രതീക്ഷിക്കുന്ന ചെലവ് 2,348 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഏകദേശം 7,705 കോടി രൂപയുടെ ബജറ്റ് മിച്ചം അവശേഷിക്കുന്നു. ഐസിസിയിൽ നിന്നും എസിസിയിൽ നിന്നുമുള്ള വർദ്ധിച്ച വരുമാന വിഹിതം, വരും വർഷത്തേക്ക് 3,041 കോടി രൂപയായി കണക്കാക്കുമെന്നും ഷെലാർ പറഞ്ഞു.
കൂടാതെ, 2024-25 സാമ്പത്തിക വർഷത്തിൽ അസോസിയേഷനുകൾക്ക് 499 കോടി രൂപയും അടിസ്ഥാന സൗകര്യ സബ്‌സിഡികൾക്കായി 500 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.ഐസിസി തലവനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജയ് ഷായെ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും മറ്റ് ഭാരവാഹികളും അഭിനന്ദിച്ചു. ആഗോള ക്രിക്കറ്റ് ബോഡികളിൽ നിന്ന് ബിസിസിഐക്ക് കൂടുതൽ വരുമാന വിഹിതം ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും അംഗങ്ങൾ അഭിനന്ദിച്ചു.