എറണാകുളം: ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഭക്തർക്ക് താത്ക്കാലിക ആശ്വാസം നൽകിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു. തികച്ചും അപ്രായോഗികമായ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും ഈ ഉത്തരവ് 2012-ലെ നിയമത്തിന് വിരുദ്ധമാണെന്നും ആർ വി ബാബു പറഞ്ഞു. വിഷയത്തിൽ, ജനംടിവിയോട് ടെലിഫോണിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവങ്ങളുടെ കാലമാണ് വരുന്നത്. നാല്, അഞ്ച് മാസം വരെ ഉത്സവ സീസൺ നീണ്ടുനിൽക്കും. ഈ ഉത്സവങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. പല ക്ഷേത്രങ്ങളിലും ഉത്സവങ്ങൾ നടക്കുന്നത് പ്രതിസന്ധിയിലാവുന്ന അവസ്ഥയുണ്ടായി. ഇതിനൊക്കെ ആശ്വാസം കിട്ടുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്.
സർക്കാർ നിയമം ഉണ്ടാക്കുന്നതിന് പകരം കോടതി എങ്ങനെയാണ് നിയമം ഉണ്ടാക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. ആന എഴുന്നള്ളത്തിന് മൂന്ന് മീറ്റർ, എട്ട് മീറ്റർ വേണമെന്നൊക്കെ കോടതിയല്ല, തീരുമാനിക്കുന്നത്. ക്ഷേത്രവിശ്വാസികളും പൂരപ്രേമികളും ഒറ്റക്കെട്ടായി നിന്നതോടെയാണ് അനുകൂല വിധി വന്നത്.
ഭക്തരുടെ പ്രതിഷേധങ്ങൾ അവർ പല തരത്തിൽ പ്രകടിപ്പിച്ചു. ഇതിന്റെയൊക്കെ വിജയമാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതിയുടെ അന്തസിന് ചേരാത്തൊരു ഉത്തരവായിരുന്നു അത്. പരിഹാസത്തോടെയാണ് ക്ഷേത്ര ആചാരങ്ങളെ ഹൈക്കോടതി ജഡ്ജിമാർ നിരീക്ഷിച്ചത്. അങ്ങേയറ്റം അപമാനകരമായിരുന്നു ഹൈക്കോടതി ജഡ്ജിമാരുടെ പരാമർശം. ഹൈക്കോടതിക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്നും ആർ വി ബാബു പറഞ്ഞു.