ലഡാക്ക്: ലഡാക്കിൽ പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമ്മാണ കേന്ദ്രം സ്ഥാപിച്ച് സൈന്യം. ലഡാക്കിലെ മാർട്‌സെലാംഗ് ഗ്രാമത്തിലാണ് ‘ ഓപ്പറേഷൻ സദ്ഭാവന’ എന്ന പദ്ധതിക്ക് കീഴിൽ നാപ്കിൻ നിർമ്മാണകേന്ദ്രം സ്ഥാപിച്ചത്. ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിൽ ആർത്തവ ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് സൈന്യത്തിന്റെ നീക്കം.
പ്രാദേശത്തെ ഒരുകൂട്ടം വനിതകളാണ് സംരംഭത്തിന്റെ നടത്തിപ്പുകാർ. അൾട്ടാവയലറ്റ് ട്രീറ്റ്‌മെന്റിലൂടെ അണുവിമുക്തമാക്കിയ പരിസ്ഥിതിസൗഹൃദ നാപ്കിനുകളാണ് ഇവിടെ നിർമ്മിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് ഇവ വിപണിയിൽ എത്തിക്കുന്നതും.
പ്രദേശത്തെ സ്ത്രീകൾക്ക് സാമ്പത്തികനേട്ടം നൽകുന്നതിനപ്പുറം ആർത്തവ ശുചിത്വത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കുക കൂടിയാണ് ഇതിലൂടെ സാധിക്കുക. പുറത്തുളള ഉൽപ്പന്നങ്ങൾ പരിമിതമായി മാത്രമാണ് ലഡാക്കിൽ എത്തുന്നത്. ഇവിടെ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുമ്പോൾ ഈ പരിമിതിയും അവർക്ക് മറികടക്കാനാകും. സ്ത്രീശാക്തീകരണത്തിനൊപ്പം അവരുടെ മഹത്വവും ക്ഷേമവും ഇതിലൂടെ ഉറപ്പുവരുത്തുന്നതായി സൈന്യം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമായതുകൊണ്ടു തന്നെ പരിസ്ഥിതിമലിനീകരണം ഒഴിവായി പ്രദേശത്തെ പാരിസ്ഥിതിക സുസ്ഥിരതയും ഇതിലൂടെ ഉറപ്പുവരുത്തുന്നു. ഒപ്പം പരിസ്ഥിതി സൗഹൃദത്തെക്കുറിച്ച് ബോധവൽക്കരണത്തിനും ഇത് വഴിയൊരുക്കും. സൈന്യത്തിന് പുറമേ വാത്സല്യ ഫൗണ്ടേഷന്റെ പിന്തുണയും സംരംഭത്തിനുണ്ട്.
അടുത്തിടെ ലഡാക്കിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ഡോ. ആസിഫ് ഹുസൈൻ ഇവിടം സന്ദർശിച്ചിരുന്നു. ഒരു പ്രദേശത്തിന്റെ മൊത്തം പരിവർത്തനത്തിനായി സംരംഭത്തിന് പിന്നിലെ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചിരുന്നു.















