വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ മകളുടെ സ്കൂളിലെ വാർഷികാഘോഷത്തിൽ ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വാർഷിക ആഘോഷത്തിൽ മുഖ്യാതിഥികളായാണ് ഇവർ എത്തിയത്. താരദമ്പതികളോടൊപ്പം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനുമുണ്ടായിരുന്നു.
ഏറെക്കാലമായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങൾക്കിടെയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം ഐശ്വര്യ റായ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കറുത്ത നിറത്തിലുള്ള സൽവാർ കമീസാണ് ഐശ്വര്യ റായിയുടെ വേഷം.
സ്കൂളിലെത്തിയ താരങ്ങൾക്ക് വൻ സ്വീകരണമാണ് മാനേജ്മെന്റ് ഒരുക്കിയിരുന്നത്. ഇതിനിടെ, ഐശ്വര്യയുടെ ദുപ്പട്ടയിൽ പിടിച്ചുകൊണ്ട് നടന്നുവരുന്ന അഭിഷേക് ബച്ചന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇരുവരോടൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന അമിതാഭ് ബച്ചന്റെ ചിത്രവും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങളെ വീഡ്ഢിത്തം എന്നാണ് അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചത്. ഇത് വ്യാജ പ്രചരണമാണെന്നും തെറ്റായ വിവരങ്ങൾ പങ്കുവക്കുന്നത് അവസാനിപ്പിക്കണമെന്നും അമിതാഭ് ബച്ചൻ കുറിച്ചിരുന്നു.
ഷാരൂഖ് ഖാൻ, ഷാഹിദ് കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, കരൺ ജോഹർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ധീരുഭായ് അംബാനി സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുത്തു.