പത്തനംതിട്ട: നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ തീർത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ് ആണ് ദാരുണമായി മരിച്ചത്. ഇന്ന് രാത്രി ഒമ്പതോടെയണ് അപകടമുണ്ടായത്. നിലയ്‌ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിൽ നിലത്ത് കിടന്നുറങ്ങുകയായിരുന്നു 25-കാരൻ.
ബസ് പിന്നിലോട്ട് എടുത്തപ്പോഴാണ് യുവാവിന്റെ തലയിലൂടെ ടയറുകൾ കയറിയിറങ്ങിയത്. ഇയാൾ തത്ക്ഷണം മരിച്ചു. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് ക്ഷീണം കാരണം പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടമുണ്ടാക്കിയത്. ഗോപിനാഥന്റെ മൃതദേഹം നിലയ്‌ക്കൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.















