മുംബൈ: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നാം ടി20 യിൽ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര (2 -1)നേടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിൽ ഇന്ത്യ നേടുന്ന പരമ്പര വിജയം കൂടിയാണിത്. 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുയർത്തിയ 217 റൺസ് വിജയലക്ഷ്യം മറികടക്കാൻ വെസ്റ്റ് ഇൻഡീസിനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീമിന്റെ പോരാട്ടം 157 റൺസിൽ അവസാനിച്ചു.
ഓപ്പണറായ സ്മൃതി മന്ദാന 77(47)യുടെയും റിച്ച ഘോഷി 54 (21) ന്റെയും അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് തകർച്ചയോടെയായിരുന്നു തുടക്കം. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ അവർക്ക് കരകയറാനുമായില്ല. ഓപ്പണറായിറങ്ങിയ ക്വിയാനാ ജോസഫിനെ പുറത്താക്കി മലയാളി താരം സജന സജീവൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. വിൻഡീസ് നിരയിൽ 16 പന്തിൽ 43 റൺസെടുത്ത ചിൻലെ ഹെൻറി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഇന്ത്യക്കായി രാധാ യാദവ് നാല് വിക്കറ്റ് നേടി. ദീപ്തി ശർമ്മ, ടൈറ്റസ് സാധു, രേണുക താക്കൂർ എന്നിവരും ഓരോ വിക്കറ്റു വീതം നേടി വിൻഡീസിന്റെ പതനം പൂർത്തിയാക്കി. റിച്ച ഘോഷിനെ കളിയിലെ താരമായും സ്മൃതി മന്ദാനയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു. ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലാണ് മൂന്നാം ടി20 യിൽ പിറന്നത്.