തിരുവനന്തപുരം: പണമില്ലാതെ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്. ഇന്ധനമടിക്കാനും ഇൻഷുറൻസിനും ഫണ്ടില്ലാത്തതിനാൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ നിലച്ചെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർക്ക് കത്ത് നൽകി.
സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ കേരള റോഡ് സേഫ്റ്റി കമ്മീഷണർക്ക് അയച്ച കത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ ദുരവസ്ഥ വിവരിക്കുന്നത്. എൻഫോഴ്സ്മെൻ്റ്, ആർടി ഓഫീസുകളിലെ വാഹനങ്ങൾക്ക് ഇന്ധനമടിക്കാനും ഇൻഷുറൻസ് അടയ്‌ക്കാനും അറ്റകുറ്റപ്പണികൾക്കും പണമില്ലാത്ത ഗതികേടിലാണെന്ന് വ്യക്തമാക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. ഫണ്ടിന്റെ അപര്യാപ്ത മൂലം എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അടയന്തിരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ കത്തിലുണ്ട്.
നേരത്തെ ആവശ്യത്തിന് ഫണ്ടും ജീവനക്കാരും ഇല്ലാത്തതിനാൽ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു.















