ആളൊഴിഞ്ഞ സ്ഥലത്ത് ഒരു SUV കാർ കിടക്കുന്നു, അകത്ത് മനുഷ്യരാരുമില്ല, പക്ഷെ രണ്ട് ബാഗുകളുണ്ട്. തുറന്നുനോക്കിയപ്പോൾ കണ്ടതോ നിധികുംഭം!!
എണ്ണിത്തിട്ടപ്പെടുത്തിയ ഉദ്യോഗസ്ഥർ ഞെട്ടിത്തരിച്ചു. 52 കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റുകളും 11 കോടി രൂപയുമായിരുന്നു ഉപേക്ഷിക്കപ്പെട്ട ആ രണ്ട് ബാഗുകളിൽ ഉണ്ടായിരുന്നത്. ഈ നിധി എവിടെ നിന്ന് വന്നു, റോഡിൽ ഉപേക്ഷിക്കപ്പെട്ടതെങ്ങനെ? പിന്നിൽ ആരാണ്? റിയൽ എസ്റ്റേറ്റുകാരോ അതോ രാഷ്ട്രീയക്കാരോ? ചോദ്യങ്ങളനവധി..
കണ്ണുകൾ മഞ്ഞളിച്ചുപോകുന്ന ആ കാഴ്ച മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു നടന്നത്. ബാഗുകൾ കണ്ടെടുത്തതാകട്ടെ ആദായനികുതി വകുപ്പും പൊലീസും ചേർന്ന്. വ്യാഴാഴ്ച രാത്രിയായിരുന്നു അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. കുഷാൽപുര റോഡിൽ ഒരു SUV കിടപ്പുണ്ട്, അകത്ത് രണ്ട് ബാഗുകളുമുണ്ട്, ചെന്ന് പരിശോധിക്കണമെന്നായിരുന്നു സന്ദേശം.
നഗരത്തിന്റെ പ്രാന്തപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ആളൊഴിഞ്ഞ പാത. വനമേഖലയോട് ചേർന്ന വഴി. അവിടെ ദാ കിടക്കുന്നു, രഹസ്യ സന്ദേശത്തിലെ SUV. 30 പൊലീസ് വാഹനങ്ങളിലായി എത്തിയ നൂറോളം പൊലീസുകാർ ചാടിയിറങ്ങി, സജ്ജരായി. SUVക്ക് അകത്ത്, അഥവാ ആരെങ്കിലുമുണ്ടെങ്കിൽ അവർ രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച് പൊലീസുകാർ മുന്നോട്ടുനീങ്ങി. എന്നാൽ അവരെ കാത്തിരുന്നത് സ്വർണനിധി മാത്രമായിരുന്നു.
ഏകദേശം 52 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ആ കാറിനുള്ളിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രിയങ്ക ശുക്ല പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡുകളെ ഭയന്ന് പ്രതികൾ ഓടിയൊളിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. പണവും സ്വർണവും കടത്താൻ ശ്രമിച്ചവർക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും ഡിസിപി അറിയിച്ചു.