കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. പിടിയിലായ ഗിരീഷിന് തനിച്ച് ഇത്രയും ബോംബുകൾ നിർമ്മിക്കാനാവില്ല. സിപിഎം നേതൃത്വത്തിന്റെ ഒത്താശോടെയാണ് ബോംബ് നിർമ്മാണം നടന്നതെന്നുറപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു വലിയ സംഘം ഇതിന് പിന്നിലുണ്ടെന്നുറപ്പാണ്. അതോടൊപ്പം ഏതെല്ലാം പ്രദേശങ്ങളിൽ ഇവിടെ നിന്ന് ബോംബ് എത്തിച്ചിട്ടുണ്ടെന്നും അന്വേഷിക്കണം. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ആരെ അക്രമിക്കാനാണ് സിപിഎം നേതൃത്വം ബോംബ് നിർമ്മിച്ചതെന്ന് പൊതുസമൂഹത്തോട് പറയണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ സിപിഎം പ്രവർത്തകൻ ഗിരീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷിന്റെ വീടിന്റെ പിൻഭാഗത്ത് നിന്ന് വലിയ രീതിയിൽ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പരിഭ്രാന്തിയിലായ നാട്ടുകാരാണ് പൊലിസിൽ വിവരം അറിയിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡുമെത്തി പരിശോധന നടത്തുന്നതിനിടെ വീടിന്റെ പിന്നിൽ നിലത്ത് വീണ ചിതറിയ നിലയിൽ ബോംബിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. തുടർന്നാണ് വീട് മൊത്തം പരിശോധിച്ചത്. ഇതിനിടയിലാണ് വീടിന്റെ മുകളിൽ നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.
നാല് ബോംബുകളാണ് ഇയാൾ വീടിന് മുകളിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരെണ്ണം താഴെ വീണ് പൊട്ടിയതിന്റെ ശബ്ദമായിരുന്നു നാട്ടുകാർ കേട്ടത്. വയത്തൂർ ക്ഷേത്രത്തിൽ സിപിഎം സ്വാധീനത്തിൽ സെക്യൂരിറ്റിയായി ജോലിക്ക് കയറാനുളള കാത്തിരിപ്പിലായിരുന്നു ഗിരീഷ്. സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ബിജെപി മണ്ഡലം കമ്മിറ്റിയും രംഗത്ത് വന്നിരുന്നു.