കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് അദ്ദേഹം. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്. രാവിലെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ശ്വാസതടസവും നേരിട്ടിരുന്നു. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഐസിയുവിൽ തുടരുന്നത്.
എഴുത്തുകാരൻ എം എൻ കാരശേരി, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി എംടിയെ കണ്ടിരുന്നു. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.