ഇടുക്കി: നിക്ഷേപകനും വ്യാപാരിയുമായ സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ മേരിക്കുട്ടി. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ബാങ്കിലെത്തിയപ്പോൾ ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു.
പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയപ്പോൾ ബിനോയ് പിടിച്ച് തള്ളി. പിന്നാലെ ബിനോയിയെ തല്ലിയെന്ന് പറഞ്ഞ് അവർ പ്രശ്നമുണ്ടാക്കുകയാണെന്ന് സജിയെ വിളിച്ച് സാബു പരാതി പറയുന്നു. പകുതി പൈസ തന്നിട്ടും ജീവനക്കാരെ പിടിച്ച് തള്ളേണ്ട കാര്യമെന്താണുള്ളതെന്ന് സജി തിരികെ ചോദിക്കുന്നുണ്ട്. വിഷയമെന്നും മാറ്റേണ്ടെയന്നും അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നതാണെന്നും സജി പറയുന്നു. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പണി അറിയില്ല, പണി മനസിലാക്കി തരാമെന്നും അയാൾ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
ഭൂമിയോളം ക്ഷമിച്ചാണ് നിൽക്കുന്നത്. നിങ്ങളുടെ പൈസ തരാൻ വേണ്ടി എല്ലാവരും കയ്യും കാലുമിട്ടടിച്ച് എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്ന കാര്യം ഞങ്ങൾ അന്തസ്സായിട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പ്രസ്ഥാനത്തിലുള്ള അയാളെ ഉപദ്രവിക്കേണ്ട കാര്യമില്ലെന്നും ഭീഷണിസന്ദേശത്തിലുണ്ട്.
സംഭവത്തിന് പിന്നാലെ ബിനോയിയെ തല്ലിയല്ലേയെന്ന് ചോദിച്ച് ആരോ ഫോൺ വിളിച്ചെന്ന് ഭാര്യ മേരിക്കുട്ടി പറയുന്നു. വേറെ ഒരാളുടെ കയ്യിൽ കൊടുക്കാമെന്ന് പറഞ്ഞ് വിആർ സജിയുടെ കയ്യിൽ കൊടുത്തു. നിന്റെ പേരിൽ കേസ് കൊടുക്കുന്നില്ല എന്നാൽ പണി തരുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. ഒന്നര വർഷം കൊണ്ട് ഏറെ അനുഭവിച്ചെന്നും മേരിക്കുട്ടി പരിതപിക്കുന്നുണ്ട്. ബാങ്കിൽ ചെന്നാലും ഇടപാട് വേഗം നടത്തി തരില്ലെന്നും വൈകുന്നേരം വരെ ഇരുത്തും.
വയ്യാതെ കിടക്കുന്ന അമ്മയെ തനിച്ചാക്കിയാണ് ബാങ്കിൽ പോയിരുന്നത്. ‘നിന്റെ അമ്മയ്‌ക്ക് കാൻസറാണോടി’ എന്ന് പറഞ്ഞ് ജീവനക്കാർ ആക്രോശിച്ചതായും അവർ പറഞ്ഞു. 14. 5 ലക്ഷം രൂപയും പലിശയുമാണ് ഇനി തിരികെ ലഭിക്കാനുള്ളത്. ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപ ലോണായി ചോദിച്ചതിന് പിന്നാലെയാണ് നിക്ഷേപകനോട് രൂക്ഷമായി പെരുമാറിയത്.
കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.















