ന്യൂഡൽഹി: ഫ്രഞ്ച് മരുന്നു കമ്പനി ‘വാൽനേവ SE’ വികസിപ്പിച്ച ലോകത്തെ ആദ്യ ചിക്കൻഗുനിയ വാക്സിൻ ‘ഇക്സ്ചിക്’ ഇന്ത്യയിൽ നിർമിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് നിർമിച്ച് നൽകുന്നതിനായുള്ള കരാറിൽ ഇരുകമ്പനികളും ഒപ്പിട്ടു.
മരുന്ന് നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ ഇരുകമ്പനികളും പരസ്പരം പങ്കുവയ്‌ക്കും. വാൽനേവ ചിക്കുൻഗുനിയ വാക്സിന്റെ ഡ്രഗ് എസ്ഐഐയ്‌ക്ക് നൽകും. ഇത് ഉപയോഗിച്ച് എസ്ഐഐ ഇന്ത്യയിൽ വാക്സിൻ നിർമിക്കാനാണ് ധാരണയായിരിക്കുന്നത്. നിലവിൽ അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ മുതിർന്നവരിൽ ഇത് ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
18 വയസിന് മുകളിൽ പ്രായമുള്ളവരുടെ പേശികളിൽ കുത്തിവയ്‌ക്കുന്ന ഒറ്റ ഡോസ് മരുന്നാണിത്. 12 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് പഠനങ്ങളും അവലോകനങ്ങളും പുരോഗമിക്കുകയാണ്. ഭാവിയിൽ വാണിജ്യ രീതിയിൽ ഉത്പാദിപ്പിക്കാനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് എസ്ഐഐ സിഇഒ അഡാർ പൂനവല്ല പറഞ്ഞു. അടുത്തിടെയായി ഇന്ത്യയിൽ ചിക്കൻഗുനിയ പടർന്നുപിടിക്കുകയാണ്. 2019 ജനുവരി മുതൽ 2024 ജൂലൈ വരെ ഇന്ത്യയിൽ ഏകദേശം 3,70,000 കേസുകളാണ് സ്ഥിരീകരിച്ചത്.
ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറൽ രോഗമാണ് ചിക്കൻഗുനിയ. പനി, സന്ധിവേദന, തലവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണം. വിട്ടുവിട്ടുള്ള സന്ധി വേദന ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ നീണ്ടുനിൽക്കാനും സാധ്യതയുണ്ട്.















