ഇംഫാൽ: മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. ചുരാചന്ദ്പൂരിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ലംസാങ് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. അതിർത്തി സുരക്ഷാ സേനയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
മെഷീൻ ഗൺ, പിസ്റ്റൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടന്നത്.
മണിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തിയിരുന്നു.
ചുരാചന്ദ്പൂരിലെ മൗക്കോട്ട് മലയോരപ്രദേശത്ത് നിന്ന് സുരക്ഷാ സേന ഒമ്പത് പിസ്റ്റളുകൾ കണ്ടെടുത്തു. പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഓപ്പറേഷനിലാണ് വെടിക്കോപ്പുകൾ കണ്ടെത്തിയത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വാകൻ വനമേഖലയിലും സമാന ഓപ്പറേഷൻ നടന്നിരുന്നു. പരിശോധനയിൽ 32 പിസ്റ്റളുകളും വെടിയുണ്ടകളുമാണ് പൊലീസ് പിടികൂടിയത്.