പാലക്കാട്: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. പാലക്കാട് കോട്ടായിയിലാണ് സംഭവം. കീഴത്തൂർ സ്വദേശി മൻസൂറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നിർത്തിയിട്ടിരുന്ന കാർ ഉൾപ്പടെ എട്ട് വാഹനങ്ങൾ നശിപ്പിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ അയൽവാസിയാണെന്ന് മൻസൂർ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിന് പുറത്തിറങ്ങാൻ പേടിയാണെന്നും അഞ്ച് മിനിറ്റ് കൊണ്ടാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമികളുടെ പക്കൽ ടൂൾസും മറ്റുമുണ്ടെന്നും പുറത്തുവന്ന വീഡിയോയിൽ പറയുന്നുണ്ട്.
ട്രാവലറിന്റെയും കാറിന്റെയും ചില്ലുകൾ അടിച്ച് തകർത്ത നിലയിലാണ്. ബുള്ളറ്റ് ഉൾപ്പെടെ നാലോളം ഇരുചക്ര വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ബൈക്കുകൾ തള്ളി താഴെയിട്ട നിലയിലാണ്. സംഭവത്തിൽ കോട്ടായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















