പത്തനംതിട്ട: പൊലീസിനെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട സ്വദേശികളായ അർജുൻ, അരുൺ മുരളി, ആനന്ദ്, വിപിൻകുമാർ, അബിൻ, ഷമീൽ ലാൽ എന്നിവരാണ് പിടിയിലായത്. ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ഇവരുടെ സുഹൃത്ത് അതുൽ കുമാർ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇയാളുടെ സംസ്‌കാരത്തിന് ശേഷമാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചത്.
വ്യാഴാഴ്ചയാണ് അതുൽ ജീവനൊടുക്കിയത്. ഇന്നലെയായിരുന്നു സംസ്‌കാരം. ക്രിമിനൽ കേസുകളിൽ പ്രതികളായ നിരവധി പേർ സംസ്കാര ചടങ്ങുകൾക്ക് ശേഷം പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയാണ് സംഘം ആക്രമണം നടത്തിയത്. മറ്റ് സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ തടയുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു.
കൂടുതൽ പോലിസെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിന് നേരെ ആക്രമണം, വഴി തടയൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം, അതുലിന്റെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി.















