കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം തള്ളി വിചാരണക്കോടതി. കേസിലെ പ്രധാനപ്പെട്ട സാക്ഷിയും അതിജീവിതയുമായ നടി തന്നെയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് തുറന്നകോടതിയിൽ വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഹർജി പരിഗണിച്ച വിചാരണക്കോടതി ഈ ആവശ്യം തള്ളി. ഈ സാഹചര്യത്തിൽ അന്തിമ വാദം രഹസ്യ വിചാരണയിൽ തുടരും.
ദിലീപ് അടക്കം ഒമ്പത് പേർ പ്രതികളായ കേസിൽ അടച്ചിട്ട കോടതിയിലാണ് ഇതുവരെ വിചാരണ നടന്നിരുന്നത്. എന്നാൽ താൻ നേരിട്ടത് എന്താണെന്ന് എല്ലാവരും അറിയട്ടെയെന്ന് പ്രഖ്യാപിച്ച അതിജീവിത, കേസിന്റെ വാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിയിൽ നടക്കുന്നത് എന്താണെന്ന് പൊതുസമൂഹം അറിയട്ടെയെന്നും സ്വകാര്യത ഇനിയൊരു വിഷയമായി കാണുന്നില്ലെന്നും നടി തന്റെ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ചയായിരുന്നു കേസിൽ അന്തിമവാദം ആരംഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു നടിയുടെ ഹർജി.